ന്യൂഡൽഹി: മണിപ്പുർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച യുവതിക്കു നീതി ലഭ്യമാക്കണമെന്ന് കുക്കി സംഘടനകൾ. മെയ്തെയ്കളുടെ ക്രൂരമായ ആൾക്കൂട്ട ആക്രമണത്തിനും കൂട്ടമാനഭംഗത്തിനും രണ്ടു വർഷം മുന്‍പ് ഇരയായ ഇരുപതുകാരി കഴിഞ്ഞദിവസം മരിക്കാനിടയായതിൽ കുക്കി ജനത രോഷത്തിലാണ്. മെയ്തെയ്കളുടെ ഭരണത്തിൽ സുരക്ഷിതരല്ലെന്നും കുക്കി ഭൂരിപക്ഷ മേഖലകൾക്കായി പ്രത്യേക കേന്ദ്രഭരണ പ്രദേശം വേണമെന്നും കുക്കി ഗ്രൂപ്പുകൾ ആവശ്യപ്പെട്ടു.
കലാപം തുടങ്ങിയ 2023 മേയിൽ മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽനിന്നു മെയ്തെയ്കൾ തട്ടിക്കൊണ്ടുപോയ 20 വയസുള്ള കുക്കി പെണ്‍കുട്ടിയാണ് ബലാത്സംഗത്തെ തുടർന്നുള്ള രോഗാവസ്ഥയിൽ മരണത്തിനു കീഴടങ്ങിയത്. ഇംഫാലിൽ ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുകയായിരുന്നു അന്നു പെണ്‍കുട്ടി. പീഡനത്തിന്റെ മാനസികവും ശാരീരികവുമായ പരിക്കുകളിൽനിന്നു പെണ്‍കുട്ടിക്ക് മുക്തി നേടാനായില്ല. വിഷാദരോഗത്തിന് അടിമയായിരുന്നു. ചുരാചന്ദ്പുരിലെ വീട്ടിൽ ചികിത്സയിലിരിക്കെയാണ് യുവതി കഴിഞ്ഞ 11ന് മരിച്ചത്.
ഇംഫാലിലെ ന്യൂ ചെക്കോണിലുള്ള എടിഎമ്മിനു മുന്നിൽനിന്നു മെയ്തെയ്കളായ നാലുപേരാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. 2023 മേയ് 15ന് വൈകുന്നേരമായിരുന്നു സംഭവം. പെണ്‍കുട്ടിയെ ബലമായി കാറിൽ കൊണ്ടുപോയി പലയിടങ്ങളിൽ വച്ച് ഉപദ്രവിച്ചശേഷം ഒരു കുന്നിൻമുകളിൽ കൊണ്ടുപോയാണു കൂട്ടബലാത്സംഗം ചെയ്തത്. ഗുരുതര പരിക്കുകളോടെയാണ് പെണ്‍കുട്ടി അക്രമികളിൽനിന്നു രക്ഷപ്പെട്ടത്. കുക്കി സംഘടനകൾ മുൻകൈയെടുത്ത് ആസാം, നാഗാലാൻഡ്, മണിപ്പുർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ഗർഭാശയ ഫൈബ്രോസിസ് ഉൾപ്പെടെയുള്ള സങ്കീർണതകൾക്കു ചികിത്സ നൽകി.
യുവതിയുടെ മാനഭംഗക്കേസ് ഗോഹട്ടിയിലെ പ്രത്യേക സിബിഐ കോടതിയുടെ പരിഗണനയിലാണ്. പ്രതികൾക്കെതിരേ ഇനിയും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. അന്വേഷണ പുരോഗതിയെക്കുറിച്ച് കുടുംബത്തെ അറിയിച്ചിട്ടുമില്ലെന്ന് മരിച്ച യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. ഗുരുതര കേസായിട്ടും പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കുറ്റകൃത്യത്തിന്റെ ഗൗരവവും സാമൂഹ്യസംഘടനകളുടെ ആവർത്തിച്ചുള്ള അഭ്യർഥനകളും ഉണ്ടായിരുന്നിട്ടും കുറ്റവാളികൾക്കെതിരേ അർഥവത്തായ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് ഡൽഹിയിലെ കുക്കി സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (കെഎസ്് ഒ) ആരോപിച്ചു. മരിച്ച യുവതിയോടുള്ള ആദരസൂചകമായി വിവിധ കുക്കി സംഘടനകളുടെ ആഭിമുഖ്യത്തിൽ ചുരാചന്ദ്പുരിൽ ശനിയാഴ്ച വൈകുന്നേരം മെഴുകുതിരിയാത്ര നടത്തി.
കുക്കി സോ ജനതയെ ലക്ഷ്യംവച്ച ക്രൂരമായ ആക്രമണങ്ങളുടെ വേദനാജനകമായ മറ്റൊരു സാക്ഷ്യമാണ് യുവതിയുടെ മരണമെന്ന് തദ്ദേശീയ കുക്കി ഗോത്രനേതാക്കളുടെ ഫോറം (ഐടിഎൽഎഫ്) പ്രസ്താവനയിൽ പറഞ്ഞു. കുക്കി ആദിവാസിഗോത്രങ്ങളുടെ സുരക്ഷയ്ക്കും അന്തസിനും നിലനില്പിനുമായി പ്രത്യേക ഭരണകൂടം ആവശ്യപ്പെടുകയല്ലാതെ കുക്കി സോ ജനതയ്ക്ക് ഇപ്പോൾ മറ്റു മാർഗമില്ലെന്ന് ഐടിഎൽഎഫ് പറഞ്ഞു.
മൂന്നു പതിറ്റാണ്ടായി ഇംഫാലിൽ താമസിച്ചിരുന്ന കുക്കി കുടുംബത്തിലെ അംഗമായിരുന്നു ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി. മെയ്തെയ്കളും സർക്കാരും ചേർന്നു പെണ്‍കുട്ടിയുടെ കുടുംബത്തെ പിന്നീട് ഇംഫാലിൽനിന്ന് നാടുകടത്തുകയും ചെയ്തു. പീഡനത്തിനിരയായ യുവതിയെ ഒരു വർഷത്തോളം കാംഗ്പോക്പിയിലെ ഒരു വസതിയിൽ കുക്കികൾ സംരക്ഷിച്ചു. ചുരാചന്ദ്പുർ ജില്ലയിലെ സിംഗാട്ടിലേക്ക് പിന്നീടാണു താമസം മാറ്റിയത്.